നവരാത്രിപുണ്യം

Posted by On 05/10/2022
നവരാത്രിപുണ്യം

മാതൃപൂജയ്ക്കും നാരീപൂജയ്ക്കും കുമാരീപൂജയ്ക്കും മഹത്വം നൽകിയ ദേശമാണ് ഭാരതദേശം.ഭാരതദേശം നമുക്ക് ഭാരതാംബയാണ്‌. അക്ഷരങ്ങളേയും അറിവിനേയും നന്മയേയുംആരാധനയോടെ ജീവിതത്തിലേറ്റിയ നാട് .തിന്മയുടെ മേൽ നന്മ വിജയം വരിച്ച പുണ്യവ്രതദിനങ്ങളാണ് നവരാത്രി ദിനങ്ങൾ.എത്ര ശക്തിയുണ്ടെങ്കിലും ദുഷ്ടശക്തികള്‍ എന്നും നിലനില്‍ക്കില്ല .തീരെ ചെറുതാണെങ്കില്‍പോലും നന്മ അതിനെ കീഴടക്കും . നന്മയ്ക്ക് തിന്മയെ ജയിക്കാന്‍ കഴിയും എന്ന സന്ദേശമാണ് നവരാത്രിയും വിജയദശമിയും നമുക്ക് നല്‍കുന്നത് . നന്മകൊണ്ടു മാത്രമേ തിന്മയെ കീഴടക്കാനാകൂ .നവരാത്രിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ മഹദ്ഗ്രന്ഥങ്ങളിൽകാണാം..മാര്‍ക്കണ്ഡേയപുരാണം ,വാമനപുരാണം , വരാഹപുരാണം , ശിവപുരാണം , സ്കാന്ദപുരാണം , കലികപുരാണം ,ദേവീഭാഗവതം എന്നീ ഗ്രന്ഥങ്ങളിലെല്ലാം നവരാത്രിയുടെ ഉത്ഭവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഭാരതത്തിന്‍റെ ഭിന്നഭാഗങ്ങളിൽ ഭിന്നമായ രീതിയിലുള്ള ഐതിഹ്യങ്ങളാണ് നിലനിന്നുപോരുന്നത്.'. ഇതില്‍ ഏറ്റവും പ്രചാരമുള്ളത് മഹിഷാസുരവധവുമായി ബന്ധപ്പെട്ട കഥയാണ്. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയമാണ് എല്ലാ ഐതിഹ്യങ്ങളുടെയും അടിസ്ഥാനം .രംഭന്‍ , കരംഭന്‍ എന്നീ രാക്ഷസരാജകുമാരന്മാര്‍ കഠിനതപസ്സാരംഭിച്ചു . രംഭന്‍ പഞ്ചാഗ്നി മദ്ധ്യത്തില്‍ അഗ്നിയെയും കരംഭന്‍ കഴുത്തറ്റം വെള്ളത്തില്‍ വരുണനെയും തപസ് ചെയ്തു . തപസ്സിന്‍റെ കാഠിന്യം കൂടിയപ്പോള്‍ എന്നത്തെയും പോലെ ഇന്ദ്രന് ആധിയായി . ദേവലോകംകീഴടക്കാനുള്ള ശക്തി നേടുമെന്ന ഭയം മൂലം തപസ് മുടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുതുടങ്ങി. അങ്ങനെ ഒരു മുതലയുടെ വേഷത്തില്‍ വന്ന് കരംഭനെ വധിച്ചു . സഹോദരന്‍റെ മരണത്തില്‍ അടി പതറാതെ രംഭന്‍ തപസ് തുടര്‍ന്നു .യുദ്ധത്തില്‍ അദൃശ്യനാവാനും അസുര-ദേവ-മനുഷ്യരാല്‍ ഒന്നും മരണം ഉണ്ടാകാതിരിക്കാനും ഉള്ള വരം നേടി .ഒരു ദിവസം യക്ഷന്‍റെ തോട്ടത്തില്‍ ഭംഗിയുള്ള ഒരു എരുമയെക്കണ്ട് കൌതുകത്താല്‍ ഒരു പോത്തിന്‍റെ വേഷത്തില്‍ അവളെ സമീപിച്ചു . ഒരു ശാപത്താല്‍ എരുമയായിത്തീര്‍ന്ന ശ്യാമള എന്ന പെണ്‍കുട്ടി ആയിരുന്നു അവള്‍ . അവളില്‍ അനുരാഗബദ്ധനാകുകയും അവള്‍ ഗര്‍ഭിണി ആകുകയും ചെയ്തു . എന്നാല്‍ അവളുടെ കാമുകനായിരുന്ന പോത്ത് അയാളെ വധിച്ചു . അവള്‍ അയാളുടെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു . അവളുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ അഗ്നി രക്ഷപ്പെടുത്തി . ഈ കുഞ്ഞാണ് പിന്നീട് മഹിഷരാജ്യം ഭരിച്ചിരുന്ന മഹിഷാസുരനായിത്തീര്‍ന്നത് . അമരത്വം നേടുവാന്‍ തപസ് ചെയ്ത മഹിഷാസുരന്‍ അത് ലഭിക്കാത്തതുകൊണ്ട് സ്ത്രീയാല്‍ മാത്രമേ വധിക്കപ്പെടാവൂ എന്ന വരം നേടി . പിതൃസഹോദരനെ വധിച്ച , ഇന്ദ്രനോടുള്ള പകയും, ത്രിലോകങ്ങളും പിടിച്ചടക്കാനുള്ള അത്യാഗ്രഹവും മൂലം മഹിഷാസുരന്‍ ദേവന്മാരുമായി യുദ്ധം ചെയ്തു . സജ്ജനങ്ങളേയും നിരപരാധികളേയും കൊന്നൊടുക്കാന്‍ തുടങ്ങി . ഇതിനൊരറുതി വരുത്തേണ്ട സമയമായെന്നുറച്ച ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തിയാൽ ദുര്‍ഗ്ഗയെ സൃഷ്ടിച്ചു . ശിവശക്തി മുഴുവന്‍ ആവാഹിച്ച് തൃശൂലവും. യമചൈതന്യം ഗദയായും, കാലന്‍റെ ശക്തി വാളായും വിഷ്ണുചൈതന്യം ചക്രമായും വായുവിന്‍റെ ചൈതന്യം വില്ലായും സൂര്യശക്തി അമ്പായും വിശ്വകര്‍മാവിന്‍റെ ചൈതന്യം മഴുവായും വരുണന്‍റെ ചൈതന്യം ശംഖായും ഇന്ദ്രചൈതന്യം വജ്രായുധമായും അഗ്നിചൈതന്യം കുന്തമായും കുബേരചൈതന്യംഇരുമ്പുദണ്ഡായും ഭവിച്ചു . ഹിമാലയമാകട്ടെ , വനത്തിലെ ശക്തനും ധീരനുമായ സിംഹത്തെ വാഹനമായി നല്‍കി . മഹിഷാസുരന്‍ നേടിയ വരമനുസരിച്ച് ഒരു സ്ത്രീയുടെ കൈകൊണ്ട് മാത്രമേ മരണം സഭവിക്കാവൂ . തന്നെ എതിരിടാന്‍ തക്ക പ്രാപ്തിയുള്ള ഒരു സ്ത്രീ ഉണ്ടാകുമെന്ന് ഒരിക്കലും അസുരൻ കരുതിയില്ല . സര്‍വ്വായുധസജ്ജയായി, ദുർഗ്ഗമനാശിനിയായ ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നേരിട്ടു . ഒന്‍പത് ദിവസം ഘോരമായ യുദ്ധം നടന്നു. ഈ ദിവസം മുഴുവന്‍ ദേവന്മാര്‍ ഊണുമുറക്കവുമുപേക്ഷിച്ച് വ്രതമനുഷ്ടിക്കുകയായിരുന്നു . ഇതാണ് നവരാത്രിവ്രതത്തിന്‍റെ പിന്നിലുള്ള ഒരു കഥ . പത്താം ദിവസം ദേവി മഹിഷാസുരനെ വധിച്ചു . തിന്മക്കുമേല്‍ നന്മ വിജയം നേടിയ ഈ ദിവസമാണ് വിജയദശമി . കേരളത്തിൽ നവരാത്രിയ്ക്ക് അക്ഷരപൂജാ പ്രാധാന്യമേറുന്നു. അക്ഷരം അറിവാണ് ....... അറിവ് നാശമില്ലാത്തതാണ്.ജീവിതാരംഭം മുതൽ അവസാനം വരെ നാം അറിവു നേടുന്നു. ഉത്തമമായ അറിവ് ജീവിതയാത്രയുടെ മുന്നോട്ടുള്ള വഴി തുറന്നു തരും എന്ന വിശ്വാസമാണ് തലമുറകൾ അറിവ് കൈമാറുന്ന വിദ്യാരംഭം എന്ന ചടങ്ങ്. സ്വർണ്ണത്താൽ ആദ്യാക്ഷരങ്ങൾ നാവിലെഴുതുമ്പോൾ ലക്ഷ്മീകടാക്ഷവും, വിരലാൽ അരിയിലെഴുതുമ്പോൾ അന്നദാതാവായ പരാശക്തി കടാക്ഷവും, മണലിൽ എഴുതുമ്പോൾ സർവ്വംസഹയായ ഭൂമിമാതാവിന്റെ കടാക്ഷവും കുഞ്ഞുങ്ങൾക്ക്.... വരും തലമുറക്ക് ലഭിക്കുമെന്ന വിശ്വാസം വിദ്യാരംഭത്തിലൂടെ നമുക്കു ലഭിക്കുന്നു. നല്ലറിവ് നേടി സമൂഹം നന്മയിലേക്ക് ചരിക്കണമേയെന്ന പ്രാർത്ഥനയോടെ നമുക്കും പ്രാർത്ഥിക്കാം.

Download നവരാത്രി 2023 Notice